Translate

What they say

പ്രിയ കൂട്ടുകാരെ..ഞാന്‍ എഴുതുന്നതിനെ ഒരു സാഹിത്യശാഖ ആയി കണക്കാക്കാമോ എന്നറിയില്ല. എനിക്കിവ കഥകളും, കവിതകളുമാണ്..ഇതിലുള്ള ഒന്നിനും ജീവിച്ചിരിക്കുന്നവരോ, മരിച്ചവരോ ആയി യാതൊരു ബന്ധവുമില്ല.ഉണ്ടെന്നു തോന്നിയാല്‍ അത് തികച്ചും യാദര്‍ശ്ചികം മാത്രം.

സസ്നേഹം മാഡ്‌

2017, ഓഗസ്റ്റ് 14, തിങ്കളാഴ്‌ച

ആൽവൃക്ഷങ്ങളും താമരകളും..

Print Friendly and PDF
ഒരു ഗ്രാമമുണ്ടായിരുന്നു.. എങ്ങും ആൽവൃക്ഷങ്ങൾ തഴച്ച് വളർന്ന് ,തണൽ പരന്ന ശുദ്ധവായു നിറഞ്ഞ ഒരു കൊച്ചു ഗ്രാമം..
കൃഷിയുണ്ടായിരുന്നു, എന്തും ഭക്ഷിക്കാമായിരുന്നു അവർക്ക്..
അവരുടെ വിശ്വാസങ്ങളുണ്ടായിരുന്നു, ചിരികളികൾ ഉണ്ടായിരുന്നു..

ഒരുനാൾ ഒരു കച്ചവടക്കാരൻ വന്നു..കുങ്കുമ നിറമുള്ള താമര വിറ്റിരുന്ന ഒരു പൂക്കാരൻ !
പുരാണകഥകൾ പുരട്ടി അവൻ വിത്തുകൾ വിറ്റു..ലക്ഷ്മിയുടെ ഇരിപ്പിടമാണെന്നും, പണം കായ്ക്കുന്ന, നല്ല നാളെകൾ നൽകുന്ന ഒന്നാണെന്നും നാട്ടുകാർ വിശ്വസിച്ചു .
ഒരേയൊരു പ്രശ്‍നം , താമരകൾക്കു വളരാൻ കുളം വേണം, ജലം വേണം..
പടർന്നു പന്തലിച്ച, വർഷങ്ങൾ മൂപ്പുള്ള ആൽമരങ്ങൾ  അവർ പിഴുതെറിഞ്ഞു, പകരം കുളം കുത്തി താമരകൾ വിരിയിച്ചു..
കാട്ടുതീ പടർന്ന ഒരു പ്രഭാതത്തിൽ അവരറിഞ്ഞു അവർക്ക് ശ്വാസം മുട്ടുന്നു..
പ്രാണവായു നൽകുന്ന ഒരേയൊരു ചെടിയെ ശേഷിക്കുന്നുണ്ടായിരുന്നുള്ളൂ..
കുളത്തിലെ താമര..
ചിരിച്ചു കൊണ്ടവരെ വരവേറ്റ താമരയെ തേടി പോയവർ കുളക്കടവിൽ പായലുകളിൽ തെന്നി തെറിച്ച് കുളത്തിലെ നിലയില്ലാ കയങ്ങളിലേക്ക് ഊളിയിട്ടു..
താമരയിലകളിൽ ശ്വാസം തേടിയവർ വള്ളികൾ കഴുത്തിൽ വരിഞ്ഞു മുറുകി മൃതിയടഞ്ഞു..

പ്രാണവായുവിനു താമരകൾ പോരാ..വാനം  മുട്ടുന്ന, ലോകം മുഴുവൻ പടരുന്ന കനമുള്ള വേരുകൾ ഉള്ള ആല്മരങ്ങൾ തന്നെ വേണമെന്ന് അവരറിഞ്ഞു..
ഉയരട്ടെ..ആല്മരങ്ങൾ..ജീവവായു നൽകുന്ന വൻമരങ്ങൾ ..വെട്ടിയെറിഞ്ഞ വാൻ വേരുകൾക്കിടയിൽ നിന്നും പൊടിച്ചുയരട്ടെ..നല്ല നാളെയ്ക്കായ് !!

പി.സി. അഥവാ നമ്മളെ കാണുന്ന കണ്ണാടി

Print Friendly and PDF


നീ ഇരന്നു വാങ്ങിയതല്ലേ പെണ്ണേ ഈ 'ഇര'യെന്ന പട്ടം?
കോടതി പറഞ്ഞാൽ മാത്രമെങ്ങനെ നീ ഇരയാകും?
ഞാൻ ജനം, ഞാൻ തീരുമാനിക്കും ആര് വേട്ടക്കാരൻ ആരിര !!
നീ പോകുന്ന വഴികളിലെന്നും കാത്തിരുന്ന് നിന്നെ ആക്രമിക്കാൻ ശ്രമിച്ചൊരു വേട്ടക്കാരൻ എങ്ങനെ കുറ്റക്കാരൻ ആകും?
ഒരേ വഴിയിലെന്നും സഞ്ചരിച്ച നീയല്ലേ കുറ്റക്കാരി ?
നിന്റെ ഗൂഢാലോചനയിൽ പഴിയേറ്റുവാങ്ങാൻ വിധിക്കപ്പെട്ടവൻ !

വീണ്ടും വീണ്ടും ഞാൻ ചോദിക്കട്ടെ എന്താണവൻ ചെയ്ത തെറ്റ്?
ഒത്തുകിട്ടിയപ്പോൾ നിന്നെ കടന്നു പിടിച്ചതോ?
അതെങ്ങനെ വേട്ടക്കാരൻറെ  കുറ്റമായി?

അവർ നഗ്നയാക്കിയെങ്കിലുമെന്തേ നിനക്കിറങ്ങിയോടാമായിരുന്നില്ല?
കത്തിമുനയിലാണെങ്കിലും നീയത് ചെയ്യണമായിരുന്നു...
നിന്നെ രക്ഷിക്കാൻ മൊബൈൽ ക്യാമറയും തുറന്ന് നിരവധി ആങ്ങളമാർ പുറത്ത് നിൽക്കുന്നുണ്ടായിരുന്നു.

അവർ നിന്നെ ഇരയാക്കിയെന്നു നീ വാദിക്കുന്നു..
നീ എങ്ങനെ ഇരയാകും? നിനക്ക് ജീവനില്ലേ എങ്ങനെ നീയൊരിരയാകും?

നീയൊരു മണ്ടി , പീഡിതയായെന്നു കളവു പറഞ്ഞു പൊലീസിന് പരാതി നല്കിയവൾ, പിറ്റേന്നാൾ  തന്നെ ജോലിക്ക് പോയവൾ, തളരാൻ മടിച്ചവൾ

നീയെങ്ങനെ ഇരയാകും? അവർ മുറിച്ചെടുത്ത ഒരിറ്റ് മാംസം നീ തെളിവായി ഞങ്ങളെ കാണിക്കുമോ?
നിൻറെ  ജനനേന്ദ്രിയം തുളച്ച ഒരു തുരുമ്പു കമ്പി കാണിക്കുമോ? ഇല്ലെങ്കിൽ നീയെങ്ങനെ ഒരിരയാകും?
നീ ചെറുപ്പമാണ് , ഇരകൾ എങ്ങനെ എന്നറിയാത്ത പ്രായം..
ഞങ്ങൾക്കെല്ലാം അറിയാം , പെണ്ണിന്റെ മാനം തുടയിടുക്കിലാണ്. അവിടെ മാത്രം ..
അവിടെയെത്താത്തതൊന്നും നിന്നെ ഇരയാക്കില്ല.
മറ്റെല്ലാം ഞങ്ങളുടെ അവകാശമാണ്. ഞങ്ങളുടെ കണ്ണുകൾ നിന്നെ നോക്കാനാണ് , കൈകൾ നിന്നെ കടന്നു പിടിക്കാനും. അതെങ്ങനെയൊരു കുറ്റമാകും ?

ഗൂഢാലോചന നടത്തി രാത്രി ഇറങ്ങി നടക്കുന്ന, ഞങ്ങൾക്കിഷ്ടമില്ലാത്ത വസ്ത്രം ധരിക്കുന്ന, പ്രതികരിക്കുന്ന നീയല്ലേ വേട്ടക്കാരി? അവൻ പാവം ഒരിര..

ഇത് കേട്ട് ഞാൻ അവനോടൊപ്പമാണെന്ന് നീ തെറ്റിദ്ധരിക്കരുത് മകളെ..
എനിക്ക് നിന്നോട് ഇഷ്ടമാണ്..
ഇഷ്ടം മാത്രമാണ് ..ഞാൻ ഇരയോട് കൂടെയാണ്..

2014, ഡിസംബർ 31, ബുധനാഴ്‌ച

പ്രണയലേഖനം

Print Friendly and PDF

1.കർട്ടൺ

ഓരോ പുലരിയിലും നിന്നേക്കാൾ മുന്നെയെന്റെ മുഖത്തെ തഴുകാൻ എത്തുന്ന കുളിർക്കാറ്റിനെയും,
പ്രകാശിപ്പിക്കാൻ എത്തുന്ന സൂര്യകിരണത്തെയും തടയാൻ കിടപ്പുമുറിയിലെ ജനലണിയുന്ന മൂടുപടം

2.ഇഷ്ടം

എന്നെ നുള്ളുമ്പോളറിയാതെ നിന്റെകണ്ണിൽ പൊടിയുന്ന ചന്തമുള്ള നനവ്‌ ഇഷ്ടം..

3.സമയം

നീയടുത്തില്ലാത്തപ്പോൾ സദാ അടുത്തിരിക്കുകയും..
നീയടുത്തുള്ളപ്പോൾ ഓടിയൊളിക്കുകയും ചെയ്യുന്ന വികൃതികുഞ്ഞ്‌

4.വീട്‌

നിന്റെ പ്രാണനാൽ ചുവരുകളും, ലാളനത്താൽ മേൽക്കൂരയും,ശ്വാസത്താൽ വർണ്ണങ്ങളും, ശാസനകളാൽ വാതിലുകളും, പ്രാർത്ഥനകളാൽ വേലിയും തീർത്ത്‌ ഞാൻ വസിക്കുന്നയിടം

5.മഴ

എന്നിലെ വിഷാദങ്ങളെ നീരാവികളാക്കി
നിൻഹൃദയഭിത്തികളാൽതടഞ്ഞുനിർത്തി
കൈകളാൽ എന്മുഖം കോരിയെടുത്ത്‌, എന്നിലേയ്ക്ക്‌ പെയ്തിറക്കിയ സ്നേഹത്തുള്ളികൾ

6.തീ

ഏത്ര തണുപ്പിലും ചൂടുപകരുന്ന നിൻപ്രണയം

7.മഴവില്ല്

നമ്മളൊന്നിച്ചു കിനാവുകൾ കൊണ്ട്‌ നെയ്ത ഏഴുവർണ്ണങ്ങളുള്ള കുപ്പായം

8.മറവി

നിന്റെയോർമ്മകൾ മുകളിലെത്താൻ
ഞാൻ ഉന്തിത്തള്ളി, ഇടിച്ചമർത്തിയ ഒരായിരം ഇന്നലെകൾ

9.ചില്ലുകൾ

നമുക്കിടയിൽ കണ്ണുകൾ കണ്ണാടിയായപ്പോൾ തറയിൽ ചാടി ആത്മഹൂതി ചെയ്തവൻ ബാക്കിവെച്ച സ്ഫടികകൂമ്പാരങ്ങൾ

10.നിലാവ്‌

അകലെയിരുന്ന് നീലത്താളിൽ നക്ഷത്രങ്ങൾ കൊണ്ട്‌  ഞാൻ നിനക്കെഴുതിയ പ്രണയലേഖനം

previous

ഫേസ് ബുക്കില്‍ കഥ കേള്‍ക്കുന്നവര്‍